ഏതൊരു ആണും പെണ്ണും ദീര്‍ഘകാലം അടുത്ത് ഇടപഴികിയാല്‍ 'ഒരടുപ്പം' ഉണ്ടാകും എന്നതാണ്. അങ്ങനെയാണ് നല്ല സൗഹൃദങ്ങളുണ്ടാകുന്നത്. പക്ഷേ സൗഹൃദം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രണയത്തിലേക്ക് വഴുതിമാറും എന്നത് പറയേണ്ടതില്ലല്ലോ.
പ്രണയം അതി തീവ്രമായ വികാരമാണ്. ഒരാളുടെ സ്വഭാവത്തെയും ചിന്തയേയും സ്വപ്നങ്ങളെയും വരെ അത് മാറ്റിമറിക്കും. കൗണ്‍സലിങ്ങിനു കൊണ്ടു വരുന്ന കാമുകീകാമുകന്മാരുടെ പ്രതികരണങ്ങള്‍ പോലും പലപ്പോഴും നമ്മളെ അമ്പരിപ്പിക്കും. ''എന്നെയാരും ഉപദേശിക്കേണ്ട...ഞാന്‍ തീരുമാനിച്ചു. ജീവിച്ചാലും മരിച്ചാലും അയാള്‍ക്കൊപ്പമായിരിക്കും'' എന്ന മട്ടില്‍ വലിയ വായില്‍ സംസാരിക്കുന്ന പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുമായി വരുന്ന രക്ഷകര്‍ത്താക്കള്‍ ധാരാളമുണ്ട്.
യാതൊരു വിധ ചിന്തയുമില്ലാതെ പ്രണയക്കടലിലേക്ക് എടുത്ത് ചാടിയവരാണിവര്‍. 'എന്തോ കൂടോത്രമോ, വശീകരണമോ ആണ്...എന്റെ മകള്‍ ഇങ്ങനെയായിരുന്നില്ല' എന്നു വിലപിക്കുന്ന അമ്മമാര്‍ നിരവധിയുണ്ട്. ഇത് മായയും മന്ത്രവുമല്ല. നമ്മുടെ ശരീരത്തിന്റെ ഹോര്‍മോണ്‍ കളികളാണ്. ഇതിനെക്കുറിച്ച് സാമാന്യമായ തിരിച്ചറിവുണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലതാണ്.
നാം മനസ്സിലാക്കേണ്ട പൊതു സത്യം ഏതൊരു ആണും പെണ്ണും ദീര്‍ഘകാലം അടുത്ത് ഇടപഴകിയാല്‍ 'ഒരടുപ്പം' ഉണ്ടാകും എന്നതാണ്. അങ്ങനെയാണ് നല്ല സൗഹൃദങ്ങളുണ്ടാകുന്നത്. പക്ഷേ സൗഹൃദം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രണയത്തിലേക്ക് വഴുതിമാറും എന്നത് പറയേണ്ടതില്ലല്ലോ.
ഇതില്‍ ശരിയായ വില്ലന്‍ നമ്മുടെ തലച്ചോറിലെ ന്യൂറോ കെമിക്കല്‍സ് ആണ്. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ സ്റ്റാറ്റസോ പ്രണയത്തെ സ്വാഭാവികമായി തടുത്തു നിര്‍ത്തുമെന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. തല വെച്ചു കൊടുത്താല്‍ തലയ്ക്കകത്തിരിക്കുന്ന കെമിക്കലുകള്‍ പ്രേമത്തിനു കണ്ണില്ല എന്ന അവസ്ഥയിലൂടെ ഏതു വ്യക്തിയേയും കടത്തിവിടും.
അമേരിക്കയിലെ ററ്റ്ഗര്‍ യൂണിവേഴ്സിറ്റിയിലെ ഹെലന്‍ ഫിഷര്‍ മൂന്നു ഘട്ടങ്ങളായാണ് പ്രണയാനുഭവത്തെ തിരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം: സ്ത്രീക്കും പുരുഷനും എവിടെവെച്ചും ആരോടും തോന്നുന്ന ലൈംഗിക ആകര്‍ഷണം. പദവിയോ പഠനമോ ജീവിത സാഹചര്യമോ വ്യക്തിയുടെ പശ്ചാത്തലമോ ഒന്നും പരിഗണിക്കാതെ ആരോടും ഈ ആകര്‍ഷണം തോന്നാം. 'ഇന്‍ഫാക്‌ച്ച്വേഷന്‍' എന്ന ഓമനപ്പേരിലുള്ള പ്രണയഭാവം ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ്. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഈ ഹോര്‍മോണുകളുടെ കളികളാണ്. എന്നാല്‍ മറ്റേയാള്‍ ഇതൊന്നും അറിയണമെന്നില്ല. ആരോടും പ്രണയം തോന്നാം എന്നൊരു പ്രശ്നം സ്വയം മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തില്ലെങ്കില്‍ അബദ്ധ ബന്ധങ്ങളില്‍ ചെന്നു ചാടാന്‍ സാധ്യതയുണ്ട്.
രണ്ടാം ഘട്ടം: സ്വയം മനസ്സിലാവാതെ ഒന്നാം ഘട്ടത്തിലുണ്ടായ മൃദുലവികാരങ്ങളെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ആകര്‍ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ഒന്നു നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കും. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചാല്‍ ഹൃദയമിടിപ്പ് വര്‍ധിക്കും, നാവിറങ്ങിപ്പോകും, ബി.പി. കൂടി മുഖം ചുവക്കും. സംസാരിക്കാന്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും സംസാരിക്കാനാകില്ല. 'നോര്‍ അഡ്രിനാലിന്‍' എന്ന കെമിക്കലിന്റെ പണികളാണിതെല്ലാം. പ്രണയിക്കുന്ന ആളെ കൂടുതല്‍ കരുതാനും ശ്രദ്ധിക്കാനുമൊക്കെ മനസ്സിനെ ഈ കെമിക്കല്‍ പ്രേരിപ്പിക്കും. 'നിഷ്‌കളങ്ക പ്രണയം' എന്നൊരു തോന്നലൊക്ക മനസ്സില്‍ ഉണ്ടാക്കാന്‍ കഴിവുള്ള 'അഡ്രിനാലിന്‍' സമ്മിശ്രമായ ഭാവങ്ങളിലൂടെ മനസ്സിനെ നയിക്കും.
മൂന്നാം ഘട്ടം: മൊബൈല്‍ ഫോണും, വാട്ട്സ്ആപ്പും, ഫെയ്സ്ബുക്കും, ഒരുമിച്ചുള്ള കറക്കങ്ങളും ഭക്ഷണവുമൊക്കെയായി ഈ പ്രണയത്തെ ഉണര്‍ത്തി വിട്ടാല്‍ 'ശരിയായ' വ്യക്തിയെത്തന്നെയാണോ, താന്‍ ഇഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവിന്റെ ചിന്തയെ ഒരിക്കലും ഉണരാത്ത രീതിയില്‍ മൂന്നാം ഘട്ടം ഒതുക്കിക്കളയും. ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാതാപിതാക്കളോട് റിബല്‍ സ്വഭാവം കാണിക്കുകയും താനിഷ്ടപ്പെടുന്ന ആളെ 'കണ്ണുമടച്ച് വിശ്വസിച്ച്' പോകുന്നതുമെല്ലാം 'ഓക്സിടോസിന്‍' 'വാസോപ്രസിന്‍' എന്നീ കെമിക്കലുകളുടെ മാജിക്കാണ്. അടുത്തിരിക്കാനും ചാരിയിരിക്കാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനുമൊക്കെ ഈ കെമിക്കലുകള്‍ തോന്നിച്ചുകോണ്ടേയിരിക്കും. 'ലവ് ഹോര്‍മോണ്‍' ഉയര്‍ത്തിവിടുന്ന ഓളങ്ങളാണ് ശാരീരിക ബന്ധത്തിലേക്കും അടുപ്പത്തിലേക്കും 'എന്തു റിസ്‌കി' ലേക്കും കമിതാക്കളെ തള്ളിവിടുന്നത്.
അങ്ങനെയെങ്കില്‍ ഈ 'വഴിതെറ്റിക്കുന്ന' ലവ് ഹോര്‍മോണുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. മനസ്സില്‍ ഹോര്‍മോണുകളുയര്‍ത്തുന്ന വികാരങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത്. മനസ്സിന്റെ കടിഞ്ഞാണ്‍ വികാരങ്ങള്‍ ഏറ്റെടുത്താല്‍ അപക്വമായ തീരുമാനങ്ങളിലൂടെ ജീവിതം മുന്നോട്ടു പോകും. വൈകാരിക ബുദ്ധിയും വൈകാരിക പക്വതയും ഉചിത തീരുമാനങ്ങളെടുക്കാന്‍ വ്യക്തിയെ സഹായിക്കും.
അതിനായി സ്വയം ആരെന്ന് തിരിച്ചറിയണം. സ്വന്തം പ്രായം, സംസ്‌കാരം, കുടുംബം, ആശയങ്ങള്‍, സ്വപ്നങ്ങള്‍, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുമായി പൊരുത്തപ്പെടുന്ന വ്യക്തിയോട് തോന്നുന്ന പ്രണയം മാത്രമേ മനസ്സില്‍ പ്രോത്സാഹിപ്പിക്കാവൂ.
ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിക്കാം. മേല്‍പറഞ്ഞ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല എങ്കില്‍ അതില്‍ നിന്നും അപ്പോള്‍ത്തന്നെ മനസ്സുമാറ്റുന്നതാണ് ബുദ്ധി. അല്ലാത്തവ നല്ല സൗഹൃദങ്ങളുടെ തലത്തില്‍ തുടരട്ടെ. സംസാരത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും വ്യക്തിയുടെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ ശ്രമിക്കുക. പ്രണയാവേശം മനസ്സില്‍ വന്നാലും സാവധാനം മാത്രം തീരുമാനമെടുക്കുക.
നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന വ്യക്തിയെക്കുറിച്ച് ആളുകള്‍ പറയുന്ന നല്ലതും ചീത്തയും മനസ്സിലാക്കുക. 'എല്ലാം നുണയാണ്' എന്നെല്ലാം ചാടിക്കയറി വിചാരിക്കാന്‍ വരട്ടെ. മനസ് പ്രണയത്തിലകപ്പെടുന്നതിന് മുമ്പ് തന്നെ കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കില്ല. അത് തകരുമ്പോഴല്ലാതെ എത്ര അടുത്ത ബന്ധമാണെങ്കിലും വിവാഹത്തിനു മുമ്പാള്ള ശാരീരിക അടുപ്പത്തിന് അനുവാദം കൊടുക്കാതിരിക്കുക. അവസരം ഉണ്ടാക്കാതിരിക്കുക. പല പ്രണയ വിവാഹങ്ങളും തകരുന്നത് അശ്രദ്ധമായി ഈ മേഖലയെ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ്.
കൗമാര പ്രായത്തില്‍ തോന്നുന്ന പ്രണയം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം വിവാഹപ്രായമെത്തുമ്പോള്‍ പലപ്പോഴും അപ്രസക്തമാറാകുണ്ട്. അതും കെമിക്കല്‍ മാജിക്കാണ്. അതുകൊണ്ട് ചാടിക്കയറി 'ഞാനിവനെയേ കെട്ടൂ' എന്നു വാശിപിടിക്കരുത്. വിവാഹ പ്രായമാകുമ്പോഴും 'എനിക്ക് നീയില്ലാതെ പറ്റില്ല' എന്ന ശക്തമായ ചിന്തയും ബോധ്യവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ വീട്ടുകാരുമായാലോചിച്ച് തുടര്‍ നടപടികള്‍ ആകാം. ആവശ്യമെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റേയോ കൗണ്‍സലറുടേയോ സഹായത്തോടെ നിങ്ങളുടെ മനസ്സിനെ പഠിക്കുക. ഉചിതമായ തീരുമാനം കൈക്കൊള്ളുക.